Voc Media Business Desk

ഡക്കാർ റാലി സംഘാടകരായ ASO-യുമായുള്ള പങ്കാളിത്തം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി.
ഇന്ത്യൻ ഓഫ്-റോഡ് റേസിംഗ് പ്രതിഭകളെ ആഗോളതലത്തിലേക്ക് എത്തിക്കാൻ പുതിയ പദ്ധതി.
18-കാരനായ ശ്ലോക് ഘോർപഡെ ഹീറോ മോട്ടോസ്‌പോർട്സ് ടീം റാലിയുടെ ഭാഗമായി.

 

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ മോട്ടോർസൈക്കിൾ-സ്കൂട്ടർ നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ്, ഹീറോ മോട്ടോസ്‌പോർട്സ് ടീം റാലിയുടെ പത്താം വാർഷികം ആഘോഷിക്കുന്നതിനൊപ്പം ഇന്ത്യൻ റാലി റേസിംഗിന്റെ ഭാവിയെ ലക്ഷ്യമിട്ടുള്ള നിർണായക പ്രഖ്യാപനങ്ങളും നടത്തി. ജയ്പൂരിലെ സെന്റർ ഫോർ ഇന്നൊവേഷൻ ആൻഡ് ടെക്നോളജിയിൽ (CIT) നടന്ന ചടങ്ങിൽ ആഗോള റാലി റേസിംഗിൽ ഇന്ത്യയുടെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്ന മൂന്ന് പ്രധാന തീരുമാനങ്ങളാണ് കമ്പനി പ്രഖ്യാപിച്ചത്.

ഡക്കാർ റാലിയുടെയും എഫ്ഐഎം വേൾഡ് റാലി-റെയ്ഡ് ചാമ്പ്യൻഷിപ്പിന്റെയും സംഘാടകരായ അമൗറി സ്‌പോർട് ഓർഗനൈസേഷൻ (ASO)യു മായുള്ള പങ്കാളിത്തം അഞ്ച് വർഷത്തേക്ക് കൂടി നീട്ടിയതും, ഇന്ത്യൻ യുവ റാലി പ്രതിഭകളെ വളർത്തുന്നതിനായി 'ഇന്ത്യാസ് നെക്സ്റ്റ് ഡക്കാർ ഹീറോ' (INDH) പദ്ധതി ആരംഭിച്ചതും, 18-കാരനായ ഓഫ്-റോഡ് റേസർ ശ്ലോക് ഘോർപഡെയെ ഹീറോ മോട്ടോസ്‌പോർട്സ് ടീം റാലിയിലേക്ക് ഉൾപ്പെടുത്തിയതുമാണ് പ്രധാന പ്രഖ്യാപനങ്ങൾ.

2024 FIM വേൾഡ് റാലി-റെയ്ഡ് ചാമ്പ്യൻ റോസ് ബ്രാഞ്ച്, നാച്ചോ കോർനെജോ, മൈക്കൽ ഡോച്ചെർട്ടി, ഇന്ത്യൻ റേസർ ശ്ലോക് ഘോർപഡെ, പ്രൊഫഷണൽ വനിതാ റൈഡർ സോംയ്യ മോക്ഷ ചൗധരി എന്നിവരടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ടീമിന്റെ ഹെഡ് ഓഫ് മോട്ടോസ്‌പോർട്സ് വോൾഫ്ഗാങ് (വാഫി) ഫിഷർ, ഹെഡ് ഓഫ് നാഷണൽ മോട്ടോസ്‌പോർട്സ് ജോർഡി ഗ്രു, ഡീലർമാർ, സാങ്കേതിക പങ്കാളികൾ, മോട്ടോസ്‌പോർട്സ് രംഗത്തെ പ്രതിനിധികൾ എന്നിവരും സന്നിഹിതരായിരുന്നു.

ASO പങ്കാളിത്തം അഞ്ചു വർഷത്തേക്ക് കൂടി

റാലി-റെയ്ഡ് റേസിംഗിന്റെ ദീർഘകാല വളർച്ച ലക്ഷ്യമിട്ട് ASO-യുമായുള്ള തന്ത്രപ്രധാന പങ്കാളിത്തം ഹീറോ മോട്ടോകോർപ്പ് അഞ്ച് വർഷത്തേക്ക് കൂടി പുതുക്കി. ആഗോളതലത്തിൽ റാലി-റെയ്ഡ് കായികരംഗത്തെ വികസിപ്പിക്കാനും പുതിയ റേസിംഗ് പ്രതിഭകൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കാനും ഈ സഹകരണം സഹായിക്കുമെന്ന് കമ്പനി അറിയിച്ചു.

'ഇന്ത്യാസ് നെക്സ്റ്റ് ഡക്കാർ ഹീറോ' പദ്ധതി

ഹീറോ മോട്ടോകോർപ്പിന്റെ എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. പവൻ മുഞ്ജാൽ പ്രഖ്യാപിച്ച 'ഇന്ത്യാസ് നെക്സ്റ്റ് ഡക്കാർ ഹീറോ' (INDH) പദ്ധതി, ഇന്ത്യയിലെ ഓഫ്-റോഡ് റേസിംഗ് പ്രതിഭകളെ കണ്ടെത്തി അന്താരാഷ്ട്ര റാലി-റെയ്ഡ് മത്സരങ്ങളിലേക്ക് വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

രണ്ട് മുതൽ മൂന്ന് വർഷം വരെ നീളുന്ന പരിശീലന പരിപാടിയിലൂടെ റൈഡിംഗ് സാങ്കേതികവിദ്യ, നാവിഗേഷൻ, ശാരീരികക്ഷമത, സഹനശേഷി എന്നിവയിൽ പ്രത്യേക പരിശീലനം നൽകും. ദേശീയ റേസിംഗ് വേദിയിൽ നിന്ന് ഡക്കാർ പോലുള്ള ലോകോത്തര മത്സരങ്ങളിലേക്കുള്ള വ്യക്തമായ വളർച്ചാ പാത സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Hero MotoSports celebrates its 10th anniversary by renewing its ASO partnership for five years and launching the 'India’s Next Dakar Hero' initiative to develop Indian rally-raid talent.

ശ്ലോക് ഘോർപഡെ ടീമിൽ

ഹീറോ മോട്ടോസ്‌പോർട്സ് ടീം റാലിയുടെ പുതിയ റൈഡറായി മഹാരാഷ്ട്രയിലെ 18-കാരൻ ശ്ലോക് ഘോർപഡെയെ കമ്പനി അവതരിപ്പിച്ചു. ഇന്ത്യൻ സൂപ്പർക്രോസ് രംഗത്ത് ശ്രദ്ധേയ നേട്ടങ്ങൾ സ്വന്തമാക്കിയ ശ്ലോക് ഇതിനകം തന്നെ ലോക ചാമ്പ്യൻ റോസ് ബ്രാഞ്ചിനും ടീമിലെ മറ്റ് അന്താരാഷ്ട്ര റൈഡർമാർക്കും ഒപ്പമുള്ള പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഡക്കാർ റാലിയെ ലക്ഷ്യമിട്ടുള്ള പ്രത്യേക റേസ് സിമുലേഷൻ പരിശീലനവും അദ്ദേഹത്തിന് നൽകും.

ഒരു ദശാബ്ദത്തിന്റെ നേട്ടങ്ങൾ

2016-ൽ രൂപീകരിച്ച ഹീറോ മോട്ടോസ്‌പോർട്സ് ടീം റാലി, ഡക്കാർ റാലി ഉൾപ്പെടെ ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ റാലി മത്സരങ്ങളിൽ ഇന്ത്യയുടെ സാന്നിധ്യം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആരംഭിച്ചത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ നിരവധി പോഡിയം ഫിനിഷുകളും ചരിത്രവിജയങ്ങളും സ്വന്തമാക്കി ലോകത്തെ മുൻനിര റാലി-റെയ്ഡ് ടീമുകളിലൊന്നായി ഹീറോ മോട്ടോസ്‌പോർട്സ് വളർന്നു.

ജയ്പൂരിലെ ആഘോഷ പരിപാടിയിൽ ടീമിന്റെ ഡക്കാർ റാലി ബൈക്കുകളുടെയും റൈഡർമാരുടെയും പ്രത്യേക പ്രദർശനവും ഓഫ്-റോഡ് പ്രകടനങ്ങളും സംഘടിപ്പിച്ചു. ഹീറോ മോട്ടോസ്‌പോർട്സിന്റെ സാങ്കേതിക മികവും മത്സരപാരമ്പര്യവും അതിഥികൾക്ക് അടുത്തറിയാൻ ഇതിലൂടെ അവസരമൊരുങ്ങി.

രണ്ടാം ദശകത്തിലേക്ക് കടക്കുന്ന ഹീറോ മോട്ടോസ്‌പോർട്സ് ടീം റാലി, പുതിയ പങ്കാളിത്തങ്ങളും പ്രതിഭാ വികസന പദ്ധതികളും വഴി ഇന്ത്യൻ മോട്ടോർസ്പോർട്സിനെ ആഗോള വേദിയിൽ കൂടുതൽ ശക്തമായി പ്രതിനിധീകരിക്കാനുള്ള ദീർഘകാല ലക്ഷ്യവുമായി മുന്നേറുകയാണെന്ന് കമ്പനി അറിയിച്ചു.

Source: Accurate Media, Kochi